തിരുവനന്തപുരം: മധ്യദൂര ഓട്ടത്തിലും പതിവു തെറ്റിയില്ല. പാലക്കാട് കുതിച്ചു. മേളയുടെ സമാപന ദിവസമായ ഇന്നലെ രാവിലെ നടന്ന 400 മീറ്ററില്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും സീനിയര്‍ ആണ്‍കുട്ടികളിലും പാലക്കാട് സ്വര്‍ണം നേടി.
ആദ്യം നടന്ന സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിലെ അല്‍ക്ക ഷിനോജ് സ്വര്‍ണം നേടി.
അല്‍ക്കയുടെ രണ്ടാം സ്വര്‍ണമായിരുന്നു. 600 മീറ്ററില്‍ സ്വര്‍ണവും 200മീറ്ററില്‍ വെള്ളിയും അല്‍ക്ക നേടിയിരുന്നു. 59.96 സെക്കന്‍ഡിലാണ് അല്‍ക്കയുടെ സ്വര്‍ണം.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ നാവാമുകുന്ദ സ്കൂളിലെ നീരജ് 55.58 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി.
ജൂണിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മത്സരത്തില്‍ പാലക്കാട് സ്വര്‍ണമണിഞ്ഞു.
പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ 57.8 സെക്കന്‍ഡിലാണ് സ്വര്‍ണം നേടിയത്. 800 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടിയ നിവേദ്യയുടെ മൂന്നാം സ്വര്‍ണമാണ്.
ജൂണിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് കോയല്‍മന്നം സിഎഎച്ച്എസിലെ എസ്. സിനില്‍ 49.48 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളിലും പാലക്കാടിനാണ് സ്വര്‍ണം, വടവന്നൂര്‍ സ്കൂളിലെ തന്നെ ഷാമില്‍ ഹുസൈന് ഒന്നാമത് ഫിനിഷ് ചെയ്തു. 48.68 സെക്കന്‍ഡാണ് ഷാമിലിന്റെ സമയം.
സീനിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴയിലെ വി.ജെ. നവ്യ 58.72 സെക്കന്‍ഡില്‍ സ്വര്‍ണം കരസ്ഥമാക്കി. ഗവണ്മെന്റ് ഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നവ്യ.